Monday, March 31, 2014

മുണ്ടുടുത്താലും വാര്‍ത്ത


മുണ്ടുടുക്കുന്നതില്‍ എന്താണിത്ര കാര്യം? ദക്ഷിണേന്ത്യയില്‍ സാധാരണക്കാരെല്ലാം പൊതുവെ മുണ്ടാണ് ഉടുക്കുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ മുണ്ടുടുത്താല്‍ ഒന്നാം പേജ് വാര്‍ത്തയാകുന്ന ഇടങ്ങള്‍ ഇപ്പോഴുമുണ്ട്. 

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് ആണ് മുണ്ടിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ചത്. ശനിയാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയ ദീപക് മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് അത് വാങ്ങിയത്. ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ്് ഇലക്ട്രോണിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അശ്വതി ആര്‍.നായരും സാധാരണ ചുരിദാര്‍ ഇട്ടുവന്ന് മെഡല്‍ വാങ്ങി. 

തലയില്‍ ഒരു തകിടും വവ്വാലിന്റെ ഉടുപ്പുകളുമിട്ടാണ് പൊതുവെ ബിരുദ ദാന ചടങ്ങുകള്‍ കാണാറ്. ഇത്തവണ അത് മാറ്റണമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് തീരൂമാനിച്ചു. അതിനാല്‍ വെള്ളക്കുപ്പായവും കറുത്ത പാന്റും ധരിച്ചാല്‍ മതിയെന്ന് ധാരണയായി. അതിനിടയിലാണ് കുര്‍ത്തയും മുണ്ടുമായി ദീപക് എത്തിയത്. എന്നാല്‍ 105 വര്‍ഷത്തെ പാരമ്പര്യത്തെയാണ് ശനിയാഴ്ച വിദ്യാര്‍ഥികള്‍ തകര്‍ത്തതെന്ന് വാര്‍ത്ത പറയുന്നു. വരേണ്യസമൂഹത്തില്‍ ഇപ്പോഴും വേഷത്തിന്റെ കലാപം നടക്കാനിരിക്കുന്നതേയുള്ളൂ. 

 മഫഌറും സാധാരണ പാന്റും സോക്‌സിനുമുകളില്‍ ചെരിപ്പുമിട്ട് രാഷ്ട്രപതി ഭവനിലെ വിശിഷ്ടര്‍ക്കുമുന്നില്‍ നടന്ന അരവിന്ദ് കെജ്‌രിവാളിന്റെ സ്വാധീനമാകാം ഈ മാറ്റത്തിന് പിന്നില്‍. പക്ഷേ എത്രയോ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണങ്ങളില്‍ എത്രയോ പേര്‍ മുണ്ടുടുത്ത് അത് വാങ്ങിയിട്ടുണ്ട്. എത്രയോ പേര്‍ ദിവസവും മുണ്ടുടുത്തു നടക്കുന്നു. ഭാഗ്യമില്ല വാര്‍ത്തയില്‍ വരാന്‍. റിഫ്രഷിങ് ചേഞ്ച് എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. 

 ഇപ്പോഴും പലയിടങ്ങളിലും ഇത്തരം മാറ്റങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളു. വേനല്‍ക്കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വാര്‍ത്ത വായിക്കുന്നയാള്‍ കോട്ടും സ്യൂട്ടുമൊക്കെയിട്ട് ചാനലില്‍ വാര്‍ത്ത വായിക്കുന്നത് ദിവസവും കാണുന്നു. തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ മുണ്ടുടുത്ത് നിന്ന് വായിച്ചാലെന്താണ്? പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ പല രാഷ്ട്രീയക്കാരുടെവും വേഷം മുണ്ടാണെന്നിരിക്കെ. ചാനലുകളിലെ പല വേഷങ്ങളും ഇപ്പോഴും യൂറോപ്യന്‍ സ്റ്റീരിയോ ടൈപ്പുകളാണ്. 

 http://www.deccanherald.com/content/395658/105-yrs-iisc-convocation-breaks.html

Wednesday, June 5, 2013

മുടിയിതളില്‍ വിരിയുന്നത്


മുടിയെക്കുറിച്ച് എന്താണിത്ര പറയാന്‍? ഒരുപാടുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ സ്ത്രീകളുടെ മുടിയെപ്പറ്റി-പറയുന്നത് ഫ്രഞ്ചുകാരിയായ ഓറിയാന്‍ സെറായാണ്. ശിവന്റെ ജടയില്‍നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത്..അഴിച്ചിട്ട മുടിയിലൂടെയാണ് കാളി സ്വന്തം കരുത്തുപ്രകടിപ്പിച്ചത്-അങ്ങനെ അവര്‍ വാചാലയാവും. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഓറിയാന്‍ ഇന്ത്യയിലെ പന്ത്രണ്ടുവര്‍ഷത്തെ ജീവിതത്തിനിടയില്‍ പകര്‍ത്തിയത് മുടിയുടെ പലഭാവങ്ങളാണ്. സത്രീകളുടെ നീളന്‍ മുടിയാണ് അവരെ ഏറ്റവും ആകര്‍ഷിച്ചത്. മുടിയഴിച്ചിട്ട് ലാസ്യവതിയായി നില്‍ക്കുന്നവര്‍, ഇടതൂര്‍ന്ന മുടിയില്‍ അലസമായി തഴുകി ഓര്‍ത്തുനില്‍ക്കുന്നവര്‍, മുടിയില്‍ മുഖംപൂഴ്ത്തിയ വിഷാദവതികള്‍ അങ്ങനെ നീളുന്നു അവരുടെ ചിത്രങ്ങള്‍. ഇന്ത്യന്‍ ജീവിതകാലത്തെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി  ഡല്‍ഹിയിലെ ഫഞ്ച് സാംസ്‌കാരികകേന്ദ്രമായ അലയന്‍സ് ഫ്രാന്‍സിയാസെ ഡി ഡല്‍ഹിയില്‍ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട് അവര്‍-സംതിങ്ങ് എബൗട്ട് ഹെയര്‍ എന്ന പേരില്‍.

നമുക്ക് മുടിയാട്ടവും മുടിയേറ്റുമുണ്ട്. ഭക്ഷണത്തില്‍ മുടി കണ്ടാല്‍ അത് അശുഭകരമാണ്. ചോറുണ്ണുന്നതിനിടെ ഉരുളയില്‍ മുടി കടിച്ചപ്പോഴാണ് കുടകര്‍ പടയ്ക്കുവന്നുവെന്ന് മന്ദപ്പന്‍ എന്ന കതിവനൂര്‍ വീരനോട് പറഞ്ഞത്. ആ പടയില്‍ മന്ദപ്പന്‍ മരിക്കുകയും ചെയ്തു. അങ്ങനെ മുടിയുമായി ബന്ധപ്പെട്ട് ഒരുപാടുണ്ട് മലയാളികള്‍ക്ക്. ഓറിയാനും മുടിയോട് പ്രണയം തോന്നിയത് കേരളത്തിലെത്തിയപ്പോഴാണ്. കൊച്ചിയിലെ താമസമാണ് അവരുടെ മുടിപ്രണയത്തിന് തുടക്കമിട്ടത്. മലയാളിപ്പെണ്‍കുട്ടികള്‍ എന്തുശ്രദ്ധയോടെയാണ് മുടിസംരക്ഷിക്കുന്നതെന്ന് അവര്‍ അത്ഭുതപ്പെടുന്നു. കേരളത്തിലും രാജസ്ഥാനിലും ഒഡിഷയിലും ഉള്ള താമസത്തിനിടെ എടുത്ത ഫോട്ടോകളില്‍ 45 എണ്ണമാണ് ഫ്രഞ്ച് സെന്ററില്‍ പ്രദര്‍ശിപ്പിച്ചത്.

'എന്റെ മുടിച്ചിത്രങ്ങളുടെ ആദ്യ ഷൂട്ടിങ്ങ് സെഷന്‍ കൊച്ചിയിലായിരുന്നു. ഞാന്‍ കണ്ട ഏറ്റവും മനോഹരമായ മുടി ഇവിടെയായിരുന്നു. വെളിച്ചെണ്ണയുടെ മണവും എനിക്ക് വല്ലാത്ത ഇഷ്ടമാണ്.' ഓറിയാന്‍ സെറാ പറയുന്നു. എല്ലാത്തരം സ്‌ത്രൈണഭാവങ്ങളും മുടിയിലൂടെ പകര്‍ത്താനാകും. കരുത്തും ലോലതയും പ്രണയവും വിരഹവും രതിയും ക്രോധവും എല്ലാം ഇതിലുണ്ട്. ഭാവനയുടെയും ഉത്സാഹത്തിന്റെയും എല്ലാം അടയാളമാണ് മുടി. ചിലപ്പോള്‍ ശരീരത്തിന്റെ പ്രതിരോധമാര്‍ഗവുമാണ് ഇതെന്ന് സെറാ അഭിപ്രായപ്പെടുന്നു. പുല്‍മെത്തയില്‍ വിതറിയ യുവതിയുടെ മുടിയില്‍ പൂവിതളുകള്‍ വിതറിയ നാലു നിറങ്ങളിലുള്ള ഫോട്ടോകളാണ് പ്രദര്‍ശനത്തിലെ ശ്രദ്ധേയമായ ഒന്ന്. കാമറ അമിതമായി എക്‌സ്‌പോസ് ചെയ്ത് വെള്ളയുടുപ്പിട്ട യുവതിയുടെ മുടി പകര്‍ത്തിയപ്പോള്‍ ചിത്രത്തില്‍ പതിഞ്ഞത് കറുത്ത് കെട്ടിവെച്ച മുടിമാത്രം. കാമറയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് സെറായുടെ ചിത്രങ്ങള്‍.

മുടി നീട്ടുവളര്‍ത്തുന്ന രീതിക്ക് ഹിന്ദുപുരാണങ്ങളുമായി ഏറെ ബന്ധമുണ്ടെന്ന് അവര്‍ പറയുന്നു. തിരുപ്പതി ക്ഷേത്രത്തിലും മറ്റും ആളുകള്‍ മുടി അര്‍പ്പിക്കുന്ന ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. പക്ഷേ അവ ഈ പ്രദര്‍ശനത്തിലില്ല. ഇന്ത്യയില്‍ മാത്രമല്ല അഫ്ഗാനിസ്താനിലും പാകിസ്താനിലും സെറാ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ അഫ്ഗാനിലെ കാബൂളിലാണ് താമസം. ഇന്ത്യയിലാണ് മുടി ഇത്രയും തഴച്ചുവളരുന്ന സ്ത്രീകളുള്ളത്. പാകിസ്താനിലും അഫ്ഗാനിലുമൊന്നും ഇത്രനല്ല മുടിയുള്ളവരെ കണ്ടിട്ടില്ല. മുടി ഇടതൂര്‍ന്ന മുടി ആരോഗ്യത്തിന്റെയും ലക്ഷണമാണെന്ന് അവര്‍ പറയുന്നു.

വിവിധ സ്ഥലങ്ങളിലുള്ള സ്ത്രീകളെ സെറാ മോഡലുകളാക്കിയിട്ടുണ്ട്. കൂടുതലും ഗ്രാമീണ ഭംഗിയുള്ളവയാണ്. ഈ വര്‍ക്ക് ഇനിയും തുടരും. എനിക്ക് ഇക്കാര്യത്തില്‍ ഒരുപാട് അറിവൊന്നുമില്ല. പക്ഷേ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകമിറക്കണമെന്നാണ് ആഗ്രഹം-അവര്‍ പറയുന്നു.


Wednesday, May 29, 2013

ഡല്‍ഹി ജീവിതം ഇങ്ങനെയാണ്



 അഞ്ചിലൊരു കുടുംബത്തിന് കാറ്, ഒരാള്‍ക്ക് രണ്ടിലധികം മൊബൈല്‍ഫോണുകള്‍, 99.1 ശതമാനം വീടുകളിലും വൈദ്യുതി, 86.34 ശതമാനം സാക്ഷരത, പ്രതിവര്‍ഷം കുടിക്കുന്നത് 2.4കോടി പെട്ടി മദ്യം, ജനസംഖ്യയിലെ 43 ശതമാനം പേര്‍ക്കും വ്യക്തിഗത വായ്പകള്‍. ഡല്‍ഹിയിലെ പുതിയ ജീവിത വിവരങ്ങളുടെ കണക്കാണിത്. ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ് ബുക്ക് 2012 കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പുറത്തിറക്കി. സാമ്പത്തിക മാന്ദ്യത്തിനിടയിലും വളര്‍ച്ചയുടെ കണക്കുകളാണ് തലസ്ഥാന നഗരം പറയുന്നത്.
രാജ്യത്തെ സമ്പന്നമായ രണ്ടാമത്തെ സംസ്ഥാനമാണ് ഇപ്പോള്‍ ഡല്‍ഹി. മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിശീര്‍ഷവരുമാനത്തില്‍ 16.6 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ഡല്‍ഹി കൈവരിച്ചത്. 1,50,753 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രതിശീര്‍ഷവരുമാനം. ഈ വര്‍ഷം ഇത് 1,75,812 ആയി ഇതുയര്‍ന്നു. ആകെ 1,67,53,235 ആണ് ഇപ്പോഴത്തെ ജനസംഖ്യ. 33.4 ലക്ഷം കുടുംബങ്ങള്‍. അഞ്ചിലൊരു വീട്ടില്‍ കാറോ ജീപ്പോ ഉണ്ട്-6,92,279 കാറുകള്‍. 39 ശതമാനം വീടുകളില്‍ ബൈക്കോ മോപ്പെഡോ ഉണ്ട്. മുപ്പതുശതമാനം വീടുകളില്‍ സൈക്കിളുമുണ്ട്. റിക്ഷാ വണ്ടികളുടെ എണ്ണം 89,429 ആണ്. ഗതാഗത വകുപ്പിന്റെ കണക്കില്‍  ഒരു വര്‍ഷത്തിനിടെ 5,05,449 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,69,790 കാറുകളും ജീപ്പുകളും 3,01,743 ടുവീലറുകളും ഉള്‍പ്പെടുന്നു. എന്നാല്‍ ആകെ 16 ഓട്ടോറിക്ഷകള്‍ മാത്രമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്.

68.2 ശതമാനം പേര്‍ക്കാണ് സ്വന്തം വീടുള്ളത്. 28.2 ശതമാനം വാടക വീട്ടിലാണ് താമസിക്കുന്നത്. ഇതില്‍ത്തന്നെ 32 ശതമാനം വീടുകള്‍ ഒറ്റമുറി വീടുകളാണ്. 29 ശതമാനം രണ്ടുമുറിവീടുകളും. അഞ്ചിലൊരു വീട്ടില്‍ മാത്രമാണ് മൂന്നുമുറിയുള്ളത്. ഇരുപതു ശതമാനത്തോളം വീടുകളില്‍ അടുക്കളയില്ലെന്നതും ശ്രദ്ധേയമാണ്. ആകെ വീടുകളുടെ കാല്‍ഭാഗത്തിലും ആറുമുതല്‍ എട്ടുപേര്‍ വരെ താമസിക്കുന്നുണ്ട്. ഇരുപതുശതമാനം വീടുകളില്‍ അഞ്ചുപേര്‍ താമസിക്കുന്നുണ്ട്. അഞ്ചുശതമാനം വീടുകളില്‍ ഒമ്പതുപേരിലധികം താമസിക്കുന്നുണ്ട്.  88 ശതമാനം വീടുകളിലും ടെലിവിഷന്‍ ഉണ്ട്.
ആറുവയസ്സുവരെയുള്ള കുട്ടികളാണ് ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം-1,98,378 പേര്‍. 10-14വയസ്സുവരെയും 30-39 വയസ്സുവരെയും ഉള്ളവരാണ് തൊട്ടുതാഴെയുള്ളത്-യഥാക്രമം 1,06,960 പേരും 1,37,466 പേരും. ആണ്‍-പെണ്‍ അനുപാതത്തില്‍ നേരിയ വര്‍ധനയുണ്ട്-ആയിരം പുരുഷന്‍മാര്‍ക്ക് 866 സ്ത്രീകള്‍. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ വളരെയധികം താഴെയാണിത്. 940 ആണ് രാജ്യത്തെ മൊത്തം അനുപാതം. ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 5,41,560 പുരുഷന്‍മാരും 2,11,311 സ്ത്രീകളും ഉണ്ട്.


വ്യക്തിഗത വായ്പ

തിളങ്ങുന്ന കണക്കുകള്‍ക്കിടയിലും കടത്തിന്റെ അളവ് നഗരവാസികള്‍ക്കിടയില്‍ കൂടിവരികയാണ്. 2010-2011 വര്‍ഷത്തില്‍ 87653 കോടി രൂപയായിരുന്നു ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നുള്ള വ്യക്തിഗത വായ്പ എങ്കില്‍ 2011-12 വര്‍ഷമാകുമ്പോഴേക്കും 1.25 ലക്ഷം കോടി രൂപയായി ഇത്. 43 ശതമാനത്തോളം പേര്‍ വായ്പയെടുത്തിട്ടുമുണ്ട്.


മലയാളികള്‍ 92,000 പേര്‍

ഭാഷാടിസ്ഥാനത്തിലുള്ള കണക്കില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം 92,009 ആണ്. സ്ത്രീ-പുരുഷന്മാരുടെ എണ്ണത്തില്‍ മലയാളികള്‍ ഡല്‍ഹിയിലും മാതൃകാപരമാണ്. 45,954 പുരുഷന്മാരും 46,055 സ്ത്രീകളും ആണ് മലയാളികളായുള്ളത്. എന്നാല്‍ ഇത് പുതുക്കിയ കണക്കല്ല. ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം 81.1 ശതമാനമാണ്. അതുകഴിഞ്ഞാല്‍ പിന്നെ പഞ്ചാബിയും ഉറുദുവുമാണ് സംസാരഭാഷ-യഥാക്രമം 7.16 ഉം 6.33 ഉം.

ഗതാഗതം പ്രധാനം

ഡല്‍ഹി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ ഏറ്റവും കൂടുതല്‍ ചെലവിടുന്നത് ഗതാഗതമേഖലയിലാണ്. 2011-ല്‍ 3450 കോടി രൂപയും 2012-ല്‍ 3125 കോടി രൂപയും ആണ് ഈ മേഖലയില്‍ ചെലവഴിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം 3372 കോടി രൂപയാണ് ഈ മേഖലയിലെ ചെലവായി പ്രതീക്ഷിക്കുന്നത്. ശുദ്ധജലവിതരണത്തിനും ശുചിത്വത്തിനുമാണ് കൂടുതല്‍ തുക ചെലവഴിക്കുന്ന മറ്റൊരു മേഖല. കഴിഞ്ഞ രണ്ടുവര്‍ഷം 1608, 1561 കോടി രൂപയാണ് ചെലവഴിച്ചത്. അടുത്തവര്‍ഷം ഇത് 1800 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു.


രണ്ടര മൊബൈലുള്ളവര്‍

1,67,53,235 ആണ് ജനസംഖ്യയെങ്കിലും ഡല്‍ഹിയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണം 4.25 കോടിയാണ്. ഒരാള്‍ക്ക് രണ്ടിലധികം മൊബൈല്‍ ഫോണുകള്‍ ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ച് മൊബൈലിലേക്ക് മാറിയതും ഡ്രൈവര്‍മാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതും ഫോണുകളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. മുംബൈ, ചെന്നൈ നഗരങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇത് അത്ര അതിശയിപ്പിക്കുന്ന എണ്ണമല്ല എന്നും മൊബൈല്‍ വ്യാപാര രംഗത്തെ വിദഗ്ധര്‍ പറയുന്നു.


ശ്വാസകോശരോഗം: പ്രതിദിനം മരിക്കുന്നത് 23 പേര്‍

ഡല്‍ഹിയില്‍ മലയാളികള്‍ക്ക് പൂര്‍ണ ആധിപത്യമുള്ള മേഖലയാണ് നഴ്‌സിങ്. ആസ്പത്രികളുടെ എണ്ണവും മികച്ച ചികിത്സാ സൗകര്യവും ആണ് ഇവിടത്തെ പ്രത്യേകത. ആതുരസേവന രംഗത്തെ മികച്ച കേന്ദ്രമായ ഡല്‍ഹിയില്‍ 868 അലോപ്പതി ആസ്പത്രികള്‍ ഇപ്പോഴുണ്ട്. ആകെ 42,475 ബെഡ്ഡുകള്‍ ഇവിടെയുണ്ട്. ആയുര്‍വേദ ആസ്പത്രികള്‍ എട്ടും ഹോമിയോപ്പതി ആസ്പത്രികള്‍ രണ്ടും മാത്രമേയുള്ളൂ.
പുകയുടെയും പൊടിയുടെയും പ്രശ്‌നം രൂക്ഷമായ നഗരത്തില്‍ ശ്വാസകോശരോഗങ്ങള്‍ കാരണം 23 പേര്‍ പ്രതിദിനം മരിക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. 2009-10, 2010-11, 2011-12 വര്‍ഷങ്ങളിലായി യഥാക്രമം 5328, 7525, 8590 പേരാണ് ശ്വാസകോശ രോഗങ്ങള്‍ കാരണം മരിച്ചത്. പനിമരണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. 2010-ല്‍ രണ്ടായിരത്തോളം പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഇത് 883 ആയി കുറഞ്ഞു.

കുറ്റവാളികളുടെ നഗരം

കുറ്റവാളികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരമാണ് ഡല്‍ഹി. സര്‍ക്കാരിന്റെ കണക്കുകളും അത് ശരിവെക്കുന്നു. കൊലപാതകം, കൊള്ള, കവര്‍ച്ച, മോഷണം, ബലാത്സംഗം എന്നിവയുടെ എണ്ണം വളരെ കൂടുകയാണ് ഇവിടെ. ശരാശരി അഞ്ഞൂറുപേര്‍ ഓരോ വര്‍ഷവും ഇവിടെ കൊല്ലപ്പെടുന്നുണ്ട്. 2010-11 ല്‍ 565ഉം 2011-12 ല്‍ 543പേരുമാണ് കൊല്ലപ്പെട്ടത്. 33 വന്‍കൊള്ളകള്‍ നടന്നു. കവര്‍ച്ചാ കേസുകള്‍ 562, മോഷണക്കേസുകള്‍ 23,461, (കഴിഞ്ഞ വര്‍ഷം ഇത് 24,590 ആയിരുന്നു), ബലാത്സംഗം 568, സ്ത്രീധന മരണം 142, സ്ത്രീപീഡനം 653 എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളുടെ നിരക്ക്.

7280 വാഹനാപകടങ്ങളും കഴിഞ്ഞവര്‍ഷം നടന്നു. 2110 പേര്‍ കൊല്ലപ്പെട്ടു. 6975 പേര്‍ക്ക് പരിക്കേറ്റു.


സിനിമാസ്വാദകര്‍ മള്‍ട്ടിപ്ലക്‌സിലേക്ക്

നഗരത്തില്‍ സാധാരണ തിയറ്ററുകളുടെ എണ്ണത്തില്‍ വര്‍ധനയില്ലെങ്കിലും നാലു പുതിയ മള്‍ട്ടിപ്ലെക്‌സുകള്‍ വന്നു. ഇതോടെ സിനിമ കാണാനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. പ്രതിദിനം 510 പ്രദര്‍ശനങ്ങളാണ് തിയറ്ററുകളില്‍ നടക്കുന്നത്. 98,000 പേരാണ് ഓരോ ദിവസവും സിനിമ കാണാനെത്തുന്നത്. കഴിഞ്ഞ വര്‍ഷം 90,000 ആയിരുന്നു.

സംഗീത ടച്ച്‌



വയസ്സായ ഒരു സ്ത്രീ സിംഗപ്പൂരിലെ പാര്‍ക്കിലൂടെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു. ആ കാഴ്ചയിലാണ് സംഗീതയുടെ മനസ് ആദ്യം കൊരുത്തത്. അതവിടെ നിന്നില്ല, ദിവസം ചെല്ലുന്തോറും കാഴ്ചയില്‍ നിന്നൊരു കഥ വളര്‍ന്നുവന്നു. വാര്‍ധക്യകാലത്തെ ഏകാന്തത, ഒന്നും പറയാതെ പോകുന്ന യുവതലമുറയുടെ വര്‍ത്തമാനങ്ങള്‍, ആരും തിരിച്ചറിയാതെ പോകുന്ന ബാല്യത്തിന്റെ വിഹ്വലതകള്‍...എല്ലാം പറയുന്ന സിനിമയായി അത് വളര്‍ന്നു. ചെറുപ്പം മുതലേയുള്ള ഒരു സ്വപ്‌നം യാഥാര്‍ഥ്യമാകുകയായിരുന്നു അപ്പോള്‍. എ ഗ്രാന്‍ പ്ലാന്‍-സംഗീത നമ്പ്യാര്‍ എന്ന സംവിധായികയുടെ സിനിമാ ജീവിതത്തിന് തുടക്കമാകുകയായിരുന്നു അപ്പോള്‍. ഒരുപാടുകാലം മനസില്‍ സൂക്ഷിച്ച ആഗ്രഹം യാഥാര്‍ഥ്യമായപ്പോള്‍ അംഗീകാരങ്ങളും തേടിയെത്തി. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയയാകുകയാണ് ഇപ്പോള്‍ സിംഗപ്പൂരില്‍ താമസിക്കുന്ന സംഗീത നമ്പ്യാര്‍. ഇവരുടെ എ ഗ്രാന്‍ പ്ലാന്‍ എന്ന ചിത്രം ഇതിനകം എട്ടു ചലച്ചിത്രമേളകളിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടുകഴിഞ്ഞു. 2012 സെപ്തംബറില്‍ ന്യൂയോര്‍ക്കിലെ ഹര്‍ലേം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉയര്‍ന്നുവരുന്ന സ്ത്രീ സംവിധായികയ്ക്കുള്ള മീരാ നായര്‍ അവാര്‍ഡ് ഇവര്‍ക്കായിരുന്നു. ചിത്രത്തില്‍ അഭിനയിച്ച ഫരീദ ജലാലിന് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. കാലിഫോര്‍ണിയയിലെ ഇര്‍വിനില്‍ നടന്ന സൈലന്റ് റിവര്‍ ഫെസ്റ്റിവലില്‍ ചിത്രത്തലഭിനയിച്ച പതിനൊന്നുകാരന്‍ ഒലിവര്‍ കെന്നെറ്റിന് മികച്ച ബാല നടനുള്ള റിവര്‍ റോക്ക് അവാര്‍ഡും ലഭിച്ചു. അടുത്തിടെ നടന്ന പ്രഥമ ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എന്‍.ആര്‍.ഐ. സിനിമകളുടെ വിഭാഗത്തില്‍ മികച്ച ചിത്രവുമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ഉരുവച്ചാലിലാണ് സംഗീതയുടെ വീട്. ആദ്യസിനിമയാണെങ്കിലും ദൃശ്യമാധ്യമ രംഗത്ത് നല്ല അനുഭവ പരിചയവുമുണ്ട് ഇവര്‍ക്ക്. ചെറുപ്പം മുതല്‍ തന്നെ സിനിമയോടും ടെലിവിഷനോടുമായിരുന്നു താല്‍പര്യം. അതുകൊണ്ട് കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ബിരുദപഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്ക് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്‌സിനു ചേര്‍ന്നു. സീ ടിവിയില്‍ നമസ്‌തേ ഇന്ത്യ എന്ന സഞ്ചാരപരിപാടിയുടെ അസിസ്റ്റന്റ് ഡയരക്ടറായായിരുന്നു തുടക്കം. പിന്നീട് സോണി എന്റര്‍ടെയ്ന്‍മെന്റില്‍ ഇന്ത്യന്‍ ഹോളിഡേയ്ക്കും മേല്‍നോട്ടം വഹിച്ചു. ഏഴുവര്‍ഷത്തോളം ടി.വി പരിപാടികളുടെയും പരസ്യ ചിത്രങ്ങളുടെയും നിര്‍മാണത്തില്‍ സജീവമായി. വിവാഹശേഷം ഭര്‍ത്താവ് മിഹിറിനോടൊപ്പം സിംഗപ്പൂരിലേക്ക് മാറി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവിടെ നാടകങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്തു. പ്ലേ ആക്ടിങ് എന്നൊരു കമ്പനിയുമുണ്ട് സംഗീതയ്ക്ക്. 2011-ല്‍ കുട്ടികള്‍ക്കായി ക്യാമ്പ് നടത്തിയിരുന്നു. ഈ സമയത്താണ് സിനിമയുടെ ആലോചന തുടങ്ങിയത്. നാടകക്യാമ്പിലെ കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഒരുക്കിയത് സംഗീത തന്നെ. അപരിചിതരായ രണ്ടുപേര്‍ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥയാണ് എ ഗ്രാന്‍ പ്ലാന്‍. പ്രധാനമായും സിംഗപ്പൂരിലെ ഇന്ത്യന്‍ കുടുംബങ്ങളുടെ ജീവിത പശ്ചാത്തലമാക്കിയ ചിത്രം. വിദേശ ഇന്ത്യന്‍ ദമ്പതികളുടെ ഇടയിലേക്ക് ജീവിതാവസാനകാലം ചെലവഴിക്കാനെത്തുന്ന മുത്തശ്ശിയുടെയും അടുത്ത വീട്ടിലെ ആരോടും ചങ്ങാത്തം കൂടാത്ത ഒളിവര്‍ എന്ന ആണ്‍കുട്ടിയും ചങ്ങാത്തത്തിലാകുന്നതാണ് സംഭവം. പ്രായത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും എല്ലാം അതിരുകളില്ലാത്ത ബന്ധം. അവര്‍ മാത്രം പങ്കുവെച്ചിരുന്ന സ്വകാര്യങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ മറുനാടന്‍ ജീവിതത്തിന്റെ പൊങ്ങച്ചങ്ങളും കാപട്യങ്ങളും എല്ലാം വെളിച്ചത്താവുകയും ചെയ്യുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് ചിത്രം. മകള്‍ റിയ ശ്രീവാസ്തവയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സത്‌വീന്ദര്‍ കൗര്‍ ബേഡി എന്ന കഥാപാത്രത്തെയാണ് ഫരീദ ജലാല്‍ അവതരിപ്പിക്കുന്നത്. താനിയ മുഖര്‍ജി, നീല്‍ ഷാബി, പവന്‍ സിങ്ങ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സച്ചിന്‍ കബീറിന്റേതാണ് ഛായാഗ്രഹണം. ഫരീദ ജലാലിന്റെ മികച്ച പിന്തുണ തനിക്ക് പലഘട്ടങ്ങളിലും തുണയായിരുന്നുവെന്ന് സംഗീത പറയുന്നു. സിനിമാ നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല സംഗീതയ്ക്ക്. 2012-ല്‍ ആണ് ഷൂട്ടിങ് തുടങ്ങിയത്. ആറുമാസംകൊണ്ട് ചിത്രം പൂര്‍ത്തിയായി. സുഹൃത്തുക്കളില്‍ നിന്ന് പണം സ്വരൂപിച്ച് സ്വയംതന്നെയാണ് നിര്‍മാണവും നിര്‍വഹിച്ചത്. ചിത്രം പൂര്‍ത്തിയാക്കാനായി ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന വീട് വില്‍ക്കുകയും ചെയ്തു. ആ പണം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. കുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. അച്ഛന്‍ എം.എം.കെ നമ്പ്യാര്‍ റിട്ട കേണലാണ്. ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ചിത്രം റിലീസ് ചെയ്തിട്ടില്ല. വിതരണക്കാരെ തേടുകയാണിപ്പോള്‍. അതിനിടെ മുംബൈ പശ്ചാത്തലമാക്കി രണ്ടാമത്തെ സിനിമയ്ക്കുള്ള ഒരുക്കവും തുടങ്ങിയിട്ടുണ്ട്.

ശിഥില കാമനകള്‍


കലയില്‍ അധികമാരും നടക്കാത്ത വഴിയിലൂടെയാണ് ഷൈന്‍ ശിവന്റെ നടപ്പ്. ആസ്വാദകര്‍ക്ക് സൗന്ദര്യാനുഭൂതി പകരുയോ ആനന്ദിപ്പിക്കുയോ പകരുന്നതാവണം കലാസൃഷ്ടികള്‍ എന്ന സാമ്പ്രദായിക സങ്കല്‍പങ്ങളെ അനുസരിക്കുന്നവയല്ല ഈ മുപ്പതുകാരന്റെ സൃഷ്ടികള്‍. യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ പ്രകോപിപ്പിക്കുകയും ഞെട്ടിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നവയാണ് അവ.

ഇന്ത്യന്‍ കലാരംഗത്തെ പുതുപ്രവണതകള്‍ക്കായി വിദേശികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഫരീദാബാദ് സ്വദേശിയായ ഈ മലയാളി യുവാവിനെയാണ്. രണ്ടുമാസം മുമ്പ് ലോകത്തെമ്പാടുമുള്ള കലാകാരന്മാരെ അണിനിരത്തി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യാ ആര്‍ട് ഫെയറില്‍ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളില്‍ ഒന്ന് പന്തളം സ്വദേശിയായ ഈ ചെറുപ്പക്കാരന്റേതായിരുന്നു-ഗ്ലിംപ്‌സസ് ഓഫ് തേഴ്സ്റ്റ് എന്ന ഇന്‍സ്റ്റലേഷന്‍. ഇത് നിര്‍മിക്കാനുപയോഗിച്ച വസ്തുക്കളാണ് ആളുകളെ അമ്പരപ്പിച്ചത്. മൂന്നൂറോളം കോഴിത്തലകള്‍. ഒരു ആടിന്റെ ഉടല്‍, പിന്നെ ഉപയോഗ ശൂന്യമായ തുണിത്തരങ്ങളും. കോഴിക്കടകളില്‍ അറുത്തുകളഞ്ഞ തലകളായിരുന്നു ശില്‍പത്തില്‍ ഉണ്ടായിരുന്നത്. ഇവ രാസവസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കി, കേടുവരാത്ത രീതിയിലാണ് ശില്‍പത്തില്‍ തുന്നിച്ചേര്‍ത്തത്. ആടിന്റെ ഉടലും അതുപോലെ തന്നെ. പുരുഷകാമനയുടെ ആകുലതകളാണ് ഈ മൃഗശില്‍പത്തില്‍ ഷൈന്‍ ആവിഷ്‌കരിച്ചത്. ഇന്ത്യ ആര്‍ട് ഫെയറില്‍ ഇദ്ദേഹത്തിന്റെ ഒരു സൃഷ്ടി മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. ആ സമയത്ത് മുംബൈയിലെ പ്രശസ്തമായ മസ്‌കാര ആര്‍ട് ഗാലറിയില്‍ 'ഗ്ലിംപ്‌സസ് ഓഫ് തേഴ്സ്റ്റ്' എന്ന മുഴുവന്‍  പ്രദര്‍ശനവും നടക്കുകയായിരുന്നു. ഇന്ത്യയിലെ സമകാലിക കലാരംഗത്തെ വേറിട്ടു നില്‍ക്കുന്ന സൃഷ്ടികള്‍ക്ക് ഇടം നല്‍കുക വഴി പ്രശസ്തമാണ് മസ്‌കാര ഗാലറി.

മൃഗശരീരങ്ങള്‍ ഈ രീതിയില്‍ ഇന്ത്യയില്‍ ഇന്ന് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നത് താന്‍ മാത്രമേയുള്ളൂ എന്നാണ് ഷൈന്‍ ശിവന്‍ അവകാശപ്പെടുന്നത്. കാരണം വന്യമൃഗങ്ങളെ സ്റ്റഫ് ചെയ്ത് വെക്കുന്നത് ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ആര്‍ട് സ്‌കൂളുകളില്‍ ഇത് പഠിപ്പിക്കുന്നുമില്ല. യുട്യൂബ് വഴിയാണ് ഈ 'മൃഗകല' ഇദ്ദേഹം അഭ്യസിച്ചത്. എന്നാല്‍ വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഷൈന്‍ ഉപയോഗിക്കാറില്ല. പലപ്പോഴും വഴിയരികില്‍ നിന്നും അറവുശാലകളില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളാണ് ഉപയോഗിക്കുക. എല്ലുകളും പല്ലുകളും എല്ലാം രാസവസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കി കലയ്ക്കായി പ്രയോജനപ്പെടുത്തും. നമ്മുടെ ജീവിതം ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങളും പാഴ് വസ്തുക്കളും തന്നെയാണ് ഷൈന്‍ കലയായി മുന്നില്‍ കൊണ്ടുവെക്കുന്നത്.

കലയുടെ സാമ്പ്രദായികമായ എല്ലാ ചട്ടക്കൂടുകള്‍ക്കും പുറത്താണ് തന്റെ കലാരൂപങ്ങള്‍ ആസ്വദിക്കപ്പടേണ്ടതെന്ന് അദ്ദേഹം പറയുന്നു. 2009-ല്‍ കലാസ്വാദക ശീലങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് 'സ്‌പേംവീവര്‍' എന്ന കന്നിപ്രദര്‍ശനം മുംബൈയില്‍ അരങ്ങേറിയത്. ആണ്‍ലൈംഗികതയുടെ ആത്മാവിഷ്‌കാരസ്പര്‍ശനമുള്ള സൃഷ്ടികളുടെ ശ്രേണിയായിരുന്നു അവ. വിവാഹവേളകളില്‍ (പൊതുവെ വിദേശ സംസ്‌കാരങ്ങളില്‍) സ്്ത്രീകള്‍ അണിയാറുള്ള നേര്‍ത്തതും നീണ്ടതുമായ വസ്ത്രം ധരിച്ച് ഷൈനിന്റെ തന്നെ ഫോട്ടോകളായിരുന്നു അതില്‍ ചിലത്. പ്രകോപനപരമായിരുന്നു അതിലെ തലക്കെട്ടുകള്‍. പുരുഷകാമനകളുടെ നൈസര്‍ഗികതയും അക്രമോത്സുകതയും പതനങ്ങളും സന്ദിഗ്ധതകളും എല്ലാം വെളിവാക്കുന്ന സൃഷ്ടികള്‍. പ്രത്യേക ശരീരഘടനയുള്ള പക്ഷിയാണ് സ്‌പേംവീവര്‍. ഒരേ സമയം തളയ്ക്കപ്പെടുകയും ചിറകുതേടുകയും ചെയ്യുന്ന പുരുഷ വികാരങ്ങളെ ബിംബാത്മകമായി അവതരിപ്പിക്കുന്നവയായിരുന്നു ഈ ശില്‍പങ്ങള്‍. ഹരിയാനയിലെ തന്റെ ജീവിതത്തിലൂടെ അടുത്തറിഞ്ഞ കാടിന്റെ വന്യത ഈ സൃഷ്ടികളിലുണ്ട്.

വടക്കേ ഇന്ത്യയില്‍ തീകത്തിക്കാനായി ഉണക്കി സൂക്ഷിക്കുന്ന ചാണകം കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഒരു ഇന്‍സ്റ്റലേഷന്‍-സൈക്കോ ഫാലസ്. അവ അടുക്കിവെച്ച് 11 അടി ഉയരമുള്ള രണ്ടു രൂപങ്ങളായിരുന്നു ഇത്. വലിയൊരു പുരുഷലിംഗത്തിന്റെ ആകൃതിയായിരുന്നു അതിന്. സ്‌ത്രൈണ സ്പര്‍ശമുള്ള വസ്തുക്കളാണ് അത് നിര്‍മിക്കാനുപയോഗിച്ചത് എന്നതാണ് ശ്രദ്ധേയം. പുരുഷത്വം എന്ന സങ്കല്‍പം തന്നെ നിര്‍മിച്ചിരിക്കപ്പെടുന്നത് സ്‌ത്രൈണ സത്തയാലാണെന്നാണ് ഈ ഇന്‍സ്റ്റലേഷനിലൂടെ പറയുന്നു. അമൂര്‍ത്തമെന്ന് തോന്നുന്ന സൃഷ്ടികള്‍ പലതും നമ്മുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യും. രൂപങ്ങള്‍ മനസ്സിലുണര്‍ത്തിയേക്കാവുന്ന വൈകാരിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവയാണ് മിക്ക പ്രദര്‍ശന വസ്തുക്കളും.

എല്ലുകള്‍, തൂവലുകള്‍, പക്ഷിക്കൂടുകള്‍, വൈക്കോല്‍, മരം, മുടി, പാവക്കുട്ടികള്‍, പഴന്തുണി, മൃഗാവശിഷ്ടങ്ങള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന വസ്തുക്കളാണ് ഷൈനിന്റെ കലാസൃഷ്ടികളുടെ അസംസ്‌കൃത വസ്തുക്കള്‍. അവ പെട്ടെന്ന് എടുത്തുകൊണ്ടുവരുന്നവയല്ല. പലപ്പോഴായി ശേഖരിച്ചുവെച്ചവയാണ്. ഒറ്റനോട്ടത്തില്‍ അലസമെന്നു തോന്നുമെങ്കിലും വളരെ സൂക്ഷമതയോടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
ആണ്‍-പെണ്‍ വ്യത്യാസം രേഖപ്പെടുത്തുന്നതില്‍ വസ്ത്രധാരണത്തിന് പ്രധാന പങ്കുണ്ടെന്നതിനാല്‍ ഇത്തരം വേഷങ്ങളെ പരസ്പരം മാറ്റിമറിക്കാനും ഷൈന്‍ ശിവന്‍ ശ്രമിക്കുന്നു. വിചിത്രമായ വേഷവിധാനത്തില്‍ കലാകാരന്‍ തന്നെ പ്രത്യക്ഷപ്പെടാറുമുണ്ട്.

തന്റെ കലാപരീക്ഷണങ്ങള്‍ക്ക് ശക്തമായ അക്കാദമിക് പിന്‍ബലമുണ്ട് ഇദ്ദേഹത്തിന്. ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ശേഷം ആഗ്രയിലെ ഡോ.ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് വിഷ്വല്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. തുടക്കത്തില്‍ ഡല്‍ഹിയിലെ ഖോജ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. 2008-ല്‍ ലളിതകലാ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പും നേടി.
2010-ല്‍ സ്‌കോഡ പ്രൈസ് ട്വന്റി എന്ന അന്താരാഷ്ട്ര പുരസ്‌കാരത്തിനായി ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടന്‍, കൊറിയ, ജര്‍മനി, ഫ്രാന്‍സ്, പ്രേഗ് തുടങ്ങിയ ഇടങ്ങളിലും ഷൈനിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സജീവമാകാന്‍ ഫരീദാബാദില്‍ നിന്ന് മുംബൈയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഷൈന്‍ ശിവന്‍.