ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയയാകുകയാണ് ഇപ്പോള്‍ സിംഗപ്പൂരില്‍ താമസിക്കുന്ന സംഗീത നമ്പ്യാര്‍. ഇവരുടെ എ ഗ്രാന്‍ പ്ലാന്‍ എന്ന ചിത്രം ഇതിനകം എട്ടു ചലച്ചിത്രമേളകളിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടുകഴിഞ്ഞു. 2012 സെപ്തംബറില്‍ ന്യൂയോര്‍ക്കിലെ ഹര്‍ലേം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉയര്‍ന്നുവരുന്ന സ്ത്രീ സംവിധായികയ്ക്കുള്ള മീരാ നായര്‍ അവാര്‍ഡ് ഇവര്‍ക്കായിരുന്നു. ചിത്രത്തില്‍ അഭിനയിച്ച ഫരീദ ജലാലിന് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. കാലിഫോര്‍ണിയയിലെ ഇര്‍വിനില്‍ നടന്ന സൈലന്റ് റിവര്‍ ഫെസ്റ്റിവലില്‍ ചിത്രത്തലഭിനയിച്ച പതിനൊന്നുകാരന്‍ ഒലിവര്‍ കെന്നെറ്റിന് മികച്ച ബാല നടനുള്ള റിവര്‍ റോക്ക് അവാര്‍ഡും ലഭിച്ചു. അടുത്തിടെ നടന്ന പ്രഥമ ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എന്‍.ആര്‍.ഐ. സിനിമകളുടെ വിഭാഗത്തില്‍ മികച്ച ചിത്രവുമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ഉരുവച്ചാലിലാണ് സംഗീതയുടെ വീട്. ആദ്യസിനിമയാണെങ്കിലും ദൃശ്യമാധ്യമ രംഗത്ത് നല്ല അനുഭവ പരിചയവുമുണ്ട് ഇവര്‍ക്ക്. ചെറുപ്പം മുതല്‍ തന്നെ സിനിമയോടും ടെലിവിഷനോടുമായിരുന്നു താല്‍പര്യം. അതുകൊണ്ട് കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ബിരുദപഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്ക് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്‌സിനു ചേര്‍ന്നു.
സീ ടിവിയില്‍ നമസ്‌തേ ഇന്ത്യ എന്ന സഞ്ചാരപരിപാടിയുടെ അസിസ്റ്റന്റ് ഡയരക്ടറായായിരുന്നു തുടക്കം. പിന്നീട് സോണി എന്റര്‍ടെയ്ന്‍മെന്റില്‍ ഇന്ത്യന്‍ ഹോളിഡേയ്ക്കും മേല്‍നോട്ടം വഹിച്ചു. ഏഴുവര്‍ഷത്തോളം ടി.വി പരിപാടികളുടെയും പരസ്യ ചിത്രങ്ങളുടെയും നിര്‍മാണത്തില്‍ സജീവമായി. വിവാഹശേഷം ഭര്‍ത്താവ് മിഹിറിനോടൊപ്പം സിംഗപ്പൂരിലേക്ക് മാറി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവിടെ നാടകങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്തു. പ്ലേ ആക്ടിങ് എന്നൊരു കമ്പനിയുമുണ്ട് സംഗീതയ്ക്ക്.
2011-ല്‍ കുട്ടികള്‍ക്കായി ക്യാമ്പ് നടത്തിയിരുന്നു. ഈ സമയത്താണ് സിനിമയുടെ ആലോചന തുടങ്ങിയത്. നാടകക്യാമ്പിലെ കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഒരുക്കിയത് സംഗീത തന്നെ.
അപരിചിതരായ രണ്ടുപേര്‍ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥയാണ് എ ഗ്രാന്‍ പ്ലാന്‍. പ്രധാനമായും സിംഗപ്പൂരിലെ ഇന്ത്യന്‍ കുടുംബങ്ങളുടെ ജീവിത പശ്ചാത്തലമാക്കിയ ചിത്രം. വിദേശ ഇന്ത്യന്‍ ദമ്പതികളുടെ ഇടയിലേക്ക് ജീവിതാവസാനകാലം ചെലവഴിക്കാനെത്തുന്ന മുത്തശ്ശിയുടെയും അടുത്ത വീട്ടിലെ ആരോടും ചങ്ങാത്തം കൂടാത്ത ഒളിവര്‍ എന്ന ആണ്‍കുട്ടിയും ചങ്ങാത്തത്തിലാകുന്നതാണ് സംഭവം. പ്രായത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും എല്ലാം അതിരുകളില്ലാത്ത ബന്ധം. അവര്‍ മാത്രം പങ്കുവെച്ചിരുന്ന സ്വകാര്യങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ മറുനാടന്‍ ജീവിതത്തിന്റെ പൊങ്ങച്ചങ്ങളും കാപട്യങ്ങളും എല്ലാം വെളിച്ചത്താവുകയും ചെയ്യുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് ചിത്രം. മകള്‍ റിയ ശ്രീവാസ്തവയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
സത്‌വീന്ദര്‍ കൗര്‍ ബേഡി എന്ന കഥാപാത്രത്തെയാണ് ഫരീദ ജലാല്‍ അവതരിപ്പിക്കുന്നത്. താനിയ മുഖര്‍ജി, നീല്‍ ഷാബി, പവന്‍ സിങ്ങ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സച്ചിന്‍ കബീറിന്റേതാണ് ഛായാഗ്രഹണം. ഫരീദ ജലാലിന്റെ മികച്ച പിന്തുണ തനിക്ക് പലഘട്ടങ്ങളിലും തുണയായിരുന്നുവെന്ന് സംഗീത പറയുന്നു.
സിനിമാ നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല സംഗീതയ്ക്ക്. 2012-ല്‍ ആണ് ഷൂട്ടിങ് തുടങ്ങിയത്. ആറുമാസംകൊണ്ട് ചിത്രം പൂര്‍ത്തിയായി. സുഹൃത്തുക്കളില്‍ നിന്ന് പണം സ്വരൂപിച്ച് സ്വയംതന്നെയാണ് നിര്‍മാണവും നിര്‍വഹിച്ചത്. ചിത്രം പൂര്‍ത്തിയാക്കാനായി ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന വീട് വില്‍ക്കുകയും ചെയ്തു. ആ പണം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. കുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. അച്ഛന്‍ എം.എം.കെ നമ്പ്യാര്‍ റിട്ട കേണലാണ്.
ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ചിത്രം റിലീസ് ചെയ്തിട്ടില്ല. വിതരണക്കാരെ തേടുകയാണിപ്പോള്‍.
അതിനിടെ മുംബൈ പശ്ചാത്തലമാക്കി രണ്ടാമത്തെ സിനിമയ്ക്കുള്ള ഒരുക്കവും തുടങ്ങിയിട്ടുണ്ട്.
No comments:
Post a Comment